അഷ്ടമിയും രോഹിണിയും ഒന്നിക്കുന്ന ദിനം - ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത്

ജനമനസ്സില്‍ ഉണ്ണിക്കണ്ണന്‍ ഭക്തിയുടെയും ആഘോഷത്തിന്റെയും നെയ്ത്തിരികള്‍ കൊളുത്തുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി. ആലിലക്കണ്ണന്‍റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.

ശ്രീകൃഷ്ണന്‍റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കു ശേഷമുള്ള അഷ്ടമിക്ക് – ജന്മാഷ്ടമിക്ക് – ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.

യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്‍റെ ജനനം എന്നാണു വിശ്വാസം.

അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.

അര്‍ദ്ധരാത്രി പാല്‍പ്പായസമുണ്ടാക്കി വീടിന്‍റെ പിന്‍ഭാഗത്ത് വയ്ക്കുന്നു. ഉണ്ണിക്കൃഷ്ണന്‍റെ കാലടികള്‍ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില്‍ വീട്ടുമുറ്റം മുതല്‍ പായസം വച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.

കേരളത്തിലെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും അഷ്ടമിരോഹിണി ദിനം പ്രധാനമാണ്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, തമ്പലക്കാട്, തൃച്ചംബരം, ഉഡുപ്പി, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ തുടങ്ങി അനേകം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടുന്നു.

ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്‍റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്നതാണ് ഈ മത്സരം.

രാവിലെ മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്നും നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ജീവത എഴുന്നള്ളിപ്പും, ഉറിയടിയും, ഗോപികാ നൃത്തവും തുടങ്ങിയ വിവിധ ആഘോഷങ്ങളോടെ എഴുന്നള്ളിപ്പുകളും നടന്നു. കൂടാതെ പെരുന്തട്ട ക്ഷേത്രത്തില്‍ നിന്നും, തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നും ശോഭയാത്രകളും ക്ഷേത്രത്തിലെത്തി.കൃഷ്ണന്‍േറയും രാധയുടേയും വേഷമണിഞ ഉണ്ണി കണ്ണന്‍മാര്‍ വീഥികള്‍ നിറഞ്ഞാടി. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലിയും നടന്നു. വൈകീട്ട് 5 മണിക്ക് സാംസ്‌കാരിക സമ്മേളനം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

greenmedia

View all posts